പ്രഭാസ് നായകനായെത്തുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിൽ കമൽ ഹാസൻ ചേരുന്നുവെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചതോടെ ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ അമിതാഭ് ബച്ചനൊപ്പം വീണ്ടും ഒരുമിക്കാൻ സാധിച്ചതിന്റേയും പ്രൊജക്ട് കെയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റേയും സന്തോഷം പങ്കുവെക്കുകയാണ് കമൽ ഹാസൻ. ട്വിറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കമലിന്റെ പ്രതികരണം.
’50 വർഷങ്ങൾക്ക് മുമ്പ് താൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന കാലത്ത് അശ്വിനി ദത്ത് എന്ന പേര് നിർമ്മാണ മേഖലയിൽ കേട്ടുതുടങ്ങിയെന്നും 50 വർഷത്തിന് ശേഷം ഒരുമിക്കുന്നുവെന്നും കമൽ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനായ നാഗ് അശ്വിനേയും കമൽ പ്രശംസിച്ചു. അമിതാഭ് ബച്ചനൊപ്പം നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓരോ തവണയും ആദ്യത്തേത് പോലെ അനുഭവപ്പെടുന്നുവെന്നും കമൽ പറഞ്ഞു. ‘പ്രോജക്ട് കെ’യ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു’.
തങ്ങളുടെ സിനിമയിലേക്ക് കമൽ ഹാസനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും അവർ പുറത്തുവിട്ടിരുന്നു. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെയിലെ മറ്റുവേഷങ്ങളിൽ എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക