നായക്കുട്ടികൾ നിഷ്കളങ്കമായ സ്നേഹം പങ്കുവെക്കുന്ന ചിത്രം ‘വാലാട്ടി’ ജൂലൈ 14 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നവാഗത സംവിധായകനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ അഞ്ചുഭാഷകളിൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
താരങ്ങളുടെ ശബ്ദത്തിലൂടെ നായ്ക്കുട്ടികൾ സംസാരിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏതു ഭാഷയ്ക്കും ദേശത്തിനും ഇണങ്ങുന്ന തരത്തിൽ പാൻ ഇന്ത്യൻ സിനിമ ആയി എത്തുന്ന ചിത്രത്തിന് മൂന്നുവർഷത്തോളം നീണ്ട പരിശീലനം തന്നെ വേണ്ടിവന്നുവെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു.
കോവിഡ് കാലത്ത് ചിത്രീകരണം നടത്തിയതിനാൽ ഒരു പ്രശ്നവുമില്ലാതെ വളരെ ഒതുങ്ങി ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും ഇത്രയും പ്രീപ്രൊഡക്ഷൻ ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല എന്നും വിജയ് ബാബു പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ കെ ആർ ജി സ്റ്റുഡിയോസ് ആണ് മലയാളം ഒഴികെ മറ്റുള്ള ഭാഷകളിലെല്ലാം ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക