ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാനും വിദഗ്ധ ചികിത്സ തേടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പുതിയ അപ്ഡേറ്റുമായാണ് ഗൂഗിൾ ലെൻസ് ഇത്തവണ എത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഈ അപ്ഡേഷൻ ലഭ്യമാണ്.അലർജി കാരണമോ മറ്റ് പ്രശ്നങ്ങൾ കാരണമോ ചർമ്മത്തിന് പ്രശ്നമുള്ളതായി സംശയം തോന്നിയാൽ ഉടൻ തന്നെ ഗൂഗിൾ ലൈൻസിലെ ക്യാമറ ഉപയോഗിച്ച് എന്താണ് കാരണമെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഗൂഗിൾ പങ്കുവച്ചിരിക്കുന്ന ബ്ലോഗിൽ പറയുന്നത്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ചർമ്മത്തിലെ അടയാളമോ മറ്റ് തരത്തിലുള്ള പ്രശ്നമോ ഫോട്ടോ എടുത്ത ശേഷം മുകളിലേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ സമാനമായ രീതിയിലുള്ള ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റും ചിത്രങ്ങളും ലഭ്യമാകും.
ഇത് ഉപയോഗിച്ച് എന്താണ് പ്രശ്നം എന്ന് കണ്ടെത്തി വിദഗ്ധ സഹായം തേടാൻ സഹായിക്കും എന്നാണ് ഗൂഗിൾ പറയുന്നത്.സമാനമായ രൂപത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന ഗൂഗിൾ ലെൻസിലെ സാധാരണ ഇമേജ് – റെക്കഗ്നിഷൻ ഫീച്ചർ പോലെ പുതിയ ഫീച്ചർ ഉപയോഗിച്ച് ഗാലറിയിൽ നിന്ന് ചിത്രം അപ്ലോഡ് ചെയ്തും സെർച്ച് ചെയ്യാൻ സാധിക്കും. എന്നാൽ ഒരു രോഗനിർണയത്തിന് പകരമായി ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കില്ല എന്നും പ്രശ്നത്തിനെപ്പറ്റിയുള്ള അടിസ്ഥാന ധാരണ നേടാൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ എന്നും ഗൂഗിൾ പങ്കുവച്ച ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക