ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പേരക്ക നമുക്ക് നൽകുന്ന ആരോഗ്യഗുണങ്ങൾ ചെറുതല്ല. പേരക്കയുടെ ഗുണങ്ങൾക്കൊപ്പം തന്നെയാണ് പേരയുടെ ഇല നൽകുന്ന ആരോഗ്യഗുണങ്ങളും. സൗന്ദര്യവർദ്ധക വസ്തുവായും, രക്തത്തിലെ പഞ്ചാസരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം ഉപയോഗിക്കാവുന്ന പേരയിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
കൊളസ്ട്രോൾ രോഗികൾക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ പേരയുടെ ഇല ഉപയോഗിക്കാവുന്നതാണ്. പേരയിലയിട്ട ചായ ദിവസേന കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയുന്നതിനും, നല്ല കൊളസ്ട്രോൾ ഉയരുന്നതിനും സഹായിക്കും.
പ്രമേഹം നിയന്ത്രിക്കാനും ഈ ഇല ഉപയോഗിക്കാം. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പേരയിലയിട്ട് വെള്ളം കുടിയ്ക്കുന്നത് ഉത്തമമായിരിക്കും.
ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയില. അതിനാൽ ചർമ്മം, മുടി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഈ ഇല ഉപയോഗിക്കാം. പേരയില അരച്ച് പുരട്ടുന്നത് മുഖക്കുരു തടയാനുള്ള ഉത്തമ മാർഗ്ഗമാണ്.
മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതെയാക്കാനും പേരയില അരച്ച് തേയ്ക്കാം. നിത്യേന പേരയില അരച്ച് പുരട്ടുന്നത് മുഖത്തിലെ ചുളിവുകൾ ഇല്ലാതെയാക്കുന്നു. ഉണങ്ങിയ പേരയിലകൾ പൊടിച്ച് ചേർത്ത വെള്ളത്തിൽ കുളിയ്ക്കുന്നത് ത്വക്കിലെ ചൊറിച്ചിൽ ഇല്ലാതെയാക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ പേര ഇല കൊണ്ടുളള ചായയ്ക്ക് കഴിയും. ഇലകളിൽ വിറ്റാമിൻ സി, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ജലദോഷം അനുഭവപ്പെടുന്നുണ്ടെങ്കിൽ പേര ഇല കൊണ്ടുളള ചായ കുടിക്കാം. മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയിൽ നിന്ന് മുക്തി നേടാൻ ഇത് വളരെ ഫലപ്രദമാണ്.
വയറിളക്കത്തിനു പേര ഇലയിട്ട ചായ കുടിക്കുന്നത് കുറച്ച് ആശ്വാസം നൽകും. വയറുവേദനയെ ശമിപ്പിക്കുകയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഇലകൾ ചേർത്ത് അരിച്ചെടുത്ത് വെറും വയറ്റിൽ കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക