ഡെപ്യൂട്ടി സ്പീക്കര്‍ക്കുനേരേ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച കർണാടകയിലെ പത്ത് ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. സ്പീക്കര്‍ യുടി ഖാദറാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത്.
ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ എംഎല്‍എമാര്‍ കടലാസ് കീറിയെറിഞ്ഞത്.
സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമണി ബുധനാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോയതോടെ ഇക്കാര്യവും ചോദ്യംചെയ്ത് ബിജെപി എംഎല്‍എമാർ പ്രതിഷേധിക്കുകയായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി നടുക്കളത്തിലിറങ്ങിയ ചില എംഎല്‍എമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക