രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് തുടങ്ങാം. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരം അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. നാരങ്ങയിൽ ഉയർന്ന അളവിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിന്റെ ആരോഗ്യത്തിന് സഹായകമാണ്.
നാരങ്ങ ഒരു ശക്തമായ ഡിടോക്സ് ഏജന്റ് കൂടിയാണ്. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും പുറന്തള്ളുന്നു. നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നാരങ്ങയുടെ സാന്നിധ്യത്തിൽ കരൾ കൂടുതൽ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.
തടി കുറയ്ക്കാൻ
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നാരങ്ങ വെള്ളം ഏറ്റവും നല്ലൊരു മരുന്നാണെന്ന് വേണമെങ്കിൽ പറയാം. ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കുക. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് നാരങ്ങയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്നു.
ദഹനത്തിനു നല്ലത്
രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനത്തിന് സഹായകമാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പ്രതവിധിയാണ് നാരങ്ങ. നാരങ്ങയിൽ ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് ഡിഎൻഎയെ സംരക്ഷിക്കുന്നു.
ജലാംശം നിലനിര്‍ത്തും
ശരീരത്തിന്റെ ജലാംശം മെച്ചപ്പെടുത്തി കൊണ്ട് ഒരു ദിവസം ആരംഭിക്കാന്‍ നാരങ്ങ വെള്ളം ഉത്തമമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ആകമാന ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്.
വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തും
വൃക്കയിലെ കല്ലുകളെ ലഘൂകരിക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വൃക്കകളില്‍ ധാതുക്കള്‍ അടിഞ്ഞാണ് കല്ലുകള്‍ രൂപപ്പെടുന്നത്. ഈ പ്രക്രിയയെ നാരങ്ങയിലെ സിട്രേറ്റ് പ്രതിരോധിക്കുന്നു.
പിഎച്ച് തോത് മെച്ചപ്പെടുത്തും
നാരങ്ങ അസിഡിക് വസ്തു ആണെങ്കിലും ശരീരത്തിന്റെ പിഎച്ച് സന്തുലനത്തെ മെച്ചപ്പെടുത്താന്‍ നാരങ്ങ വെള്ളം സഹായിക്കും.
വായ്നാറ്റം അകറ്റും
ആന്റി ബാക്ടീരിയല്‍ ശേഷിയുള്ള നാരങ്ങ വെള്ളം രാവിലെ കുടിക്കുന്നത് വായിലെ അണുക്കളെ നശിപ്പിക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കും.
ഹൃദ്രോഗത്തിന് നല്ലത്
നാരങ്ങയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഹൃദ്രോഗത്തെയും ചെറുക്കാന്‍ നല്ലതാണ്. ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നതിനെ തടയുന്ന നാരങ്ങ ഹൃദയത്തെയും ഇത് വഴി കാക്കുന്നു.
മൂത്രാശയ കല്ല് അകറ്റാം…
ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളിൽ പറയുന്നു. വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മൂത്രത്തിലെ കാത്സ്യം ഡെപ്പോസിറ്റ് ആണ്. നാരങ്ങാവെള്ളത്തിലടങ്ങിയ സിട്രിക് ആസിഡ്, കാത്സ്യം ഡെപ്പോസിറ്റുകളെ പുറന്തള്ളാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക