ആന്റി ഓക്സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ എന്നിവയാൽ സമ്പന്നമാണ് മാതളനാരങ്ങ. ഇത് വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ കലവറയാണ്. ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ഒരു മാതളനാരങ്ങയിൽ 64 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക പഞ്ചസാരയുടെയും ഉയർന്ന ഉള്ളടക്കമുണ്ട്. ഒരു മാതള നാരങ്ങയിൽ 14 ഗ്രാം കാർബോഹൈഡ്രേറ്റും 11 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. 3 ഗ്രാം ഫൈബറും 1 ഗ്രാം പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ ജ്യൂസിന് പ്രോസ്റ്റേറ്റ് കാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന മാതളനാരങ്ങയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് പ്യൂനിസിക് ആസിഡ്. ദൈനംദിന ഭക്ഷണത്തിൽ മാതളനാരങ്ങ ചേർക്കുന്നത് ഫെെബർ ലഭിക്കുന്നതിന് സഹായിക്കുന്നു.
എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനക്കും സഹായകരമാണ്.
മാതള ജ്യൂസിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നതിനോടൊപ്പം ഓർമശക്തി മെച്ചപ്പെടുത്താനും നല്ലതാണ്. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്.
ജ്യൂസ് പോലെ തന്നെ മാതളനാരകത്തിൻറെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളത് തന്നെ.മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് കൊണ്ട് മുടികൊഴിച്ചിൽ നിയന്ത്രിക്കാം. കറുത്ത പാടുകൾ മാറ്റാനും തൊലി ഉപയോഗപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക