മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമായ ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വൈ നോട്ട് സ്റ്റുഡിയോസും ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം.
‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ഭ്രമയുഗം കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇതൊരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിൽ നിർമ്മാതാക്കളുടെ പൂർണ്ണ പിന്തുണ എനിക്കുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്ന് ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു’. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു.
കൊച്ചിയും ഒറ്റപ്പാലവും പ്രധാന ലൊക്കേഷനുകൾ ആവുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2024 ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക