ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖാൻ,നയൻതാര ചിത്രം ജവാൻ വമ്പൻ റിലീസിന് ഒരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. ജയന്റ മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആകുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. കേരളത്തിലും തമിഴ്നാട്ടിലുമായി 718 തിയേറ്ററുകളിൽ 1001 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക.
തമിഴ്നാട്ടിൽ 450ലധികം സെന്ററുകളിലായി 650 സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും ഒരു ബോളിവുഡ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും നേടുന്ന ഏറ്റവും അധികം റിലീസ് സെന്ററുകളും സ്ക്രീനുകളും എന്ന റെക്കോർഡ് ആണ് ജവാനിലൂടെ തങ്ങൾ നേടുന്നത് എന്നും ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.
പഠാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഷാരൂഖാൻ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. വിജയ് സേതുപതി, ദീപിക പദുക്കോൺ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക