സമൂഹമാധ്യമങ്ങളിൽ ‘വസന്തം’ എന്ന പേരിലാണ് താനും ധ്യാൻ ശ്രീനിവാസനും ഒക്കെ അറിയപ്പെടുന്നതെന്നും നിരവധി താരങ്ങൾ തള്ളിക്കളഞ്ഞ് വരുന്ന വേഷങ്ങളാണ് തങ്ങൾക്ക് ലഭിക്കാറുള്ളത് എന്നും നടൻ അജു വർഗീസ്. കഥ എഴുതുമ്പോൾ മനസ്സിൽ ഉദ്ദേശിക്കുന്ന താരങ്ങളെ കിട്ടാതെ വരുമ്പോൾ ഏറ്റവും ഒടുവിൽ തേടിയെത്തുന്ന മുഖങ്ങൾ ആയിരിക്കും തങ്ങളുടേത് എന്നും അജു വർഗീസ് പറഞ്ഞു. ‘നദികളിൽ സുന്ദരി യമുന’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.
“എനിക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്നത് കോമഡി വേഷങ്ങളാണ്. കോവിഡിന് ശേഷമാണ് അതിനൊരു മാറ്റം ഞാൻ തന്നെ കൊണ്ടുവന്നത്. ടൈപ്പ് കാസ്റ്റ് ആകുന്നു എന്ന് ഒരുപാട് പേർ പറയാറുണ്ട്. അതുകൊണ്ട് അതൊന്നും മാറ്റണം എന്ന് എനിക്ക് തോന്നി. കോവിഡ് വന്നപ്പോൾ നമുക്കെല്ലാവർക്കും നമ്മളെ കുറിച്ച് തന്നെ ചിന്തിച്ചു നോക്കാൻ സമയം കിട്ടി. ആ സമയത്ത് എല്ലാവരും ബോറടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇനിയങ്ങോട്ട് എന്ത് തരം കഥാപാത്രങ്ങൾ ചെയ്യണം എന്ന് ഒരു തീരുമാനമെടുത്തത്.
നമ്മൾ അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾ തേടിയെത്തണം. പക്ഷേ ഈ കഴിഞ്ഞ മൂന്നുവർഷം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ എന്നെ തേടിയെത്തി. എല്ലാം സീരിയസ് എന്ന് പറയാൻ പറ്റില്ല. പക്ഷേ ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ഇനി ഇത് ടൈപ്പ് കാസ്റ്റ് ആയി ബോറടിക്കട്ടെ. അപ്പോൾ അവർ പറയും മറ്റൊരു രീതിയിൽ ചെയ്യാൻ. അതുവരെ ഇങ്ങനെ പോകാം എന്നാണ് ഞാനിപ്പോൾ പ്ലാൻ ചെയ്യുന്നത്. കാരണം നമുക്ക് അങ്ങനെ കാത്തിരിക്കുമ്പോൾ ഒന്നും കിട്ടില്ല. വരുന്നതെന്താണ് അത് ചെയ്യുക എന്നുള്ളതാണ്. ഒരുപാട് പേർ തള്ളിക്കളഞ്ഞ കഥാപാത്രങ്ങൾ ആയിരിക്കും ചിലപ്പോൾ ഞങ്ങൾക്കൊക്കെ കിട്ടുന്നത്. ഏതൊരു വ്യക്തിയും ഒരു സിനിമ എഴുതുമ്പോൾ ഏറ്റവും വിലപിടിപ്പുള്ള നടന്മാരെയെ തിരഞ്ഞെടുക്കൂ. അങ്ങനെയുള്ള താരങ്ങളെ പെട്ടെന്ന് കിട്ടാതെ വരുമ്പോൾ അടുത്ത ഓപ്ഷനിലേക്ക് പോകും. അങ്ങനെ പല ഓപ്ഷനുകൾ കഴിഞ്ഞിട്ട് വരുന്ന ഓപ്ഷൻ ആയിരിക്കും ചിലപ്പോൾ ഞങ്ങൾ” അജു വർഗീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക