എപ്പോഴും വീടുകളിൽ നമ്മൾ തയ്യാറാക്കുന്നത് സേമിയ പായസവും അട പായസവും ഒക്കെയായിരിക്കും. അതിൽ നിന്ന് വ്യത്യസ്തമായി രുചികരമായ ഒരു പായസം റെഡിയാക്കി നോക്കിയാലോ. ഇളനീർ കൊണ്ടാണ് നമ്മൾ പായസം റെഡിയാക്കി എടുക്കുന്നത്.
പായസം തയ്യാറാക്കുന്നതിനായി രണ്ട് ഇളനീരിന്റെ പൾപ്പ് എടുത്ത് അല്പം വെള്ളവും ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കണം. പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനു ശേഷം ഇതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഇളനീരിന്റെ പൾപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
പിന്നീട് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. അര ലിറ്റർ പാൽ കൂടി ചേർത്ത ശേഷം നല്ലതുപോലെ തിളപ്പിക്കണം. പാൽ നല്ലതുപോലെ തിളച്ചു വന്നു കഴിഞ്ഞാൽ ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്തു കൊടുക്കാം. ഇനി ഇത് ഒന്ന് കുറുകി വരാൻ അനുവദിക്കണം. കയ്യെടുക്കാതെ ഇളക്കി കൊടുക്കാനും മറക്കരുത്.
നല്ലതുപോലെ കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് അല്പം ഏലയ്ക്കാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തു കൊടുക്കാം. ഇളനീർ പായസം റെഡിയായി കഴിഞ്ഞു. ഇതിലേക്ക് നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക