ഇന്ത്യൻ അടുക്കളയിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. ധാരാളം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നതും കറികൾക്ക് സ്വാദ് വർധിപ്പിക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാറുണ്ട്. എന്നാൽ കറിവേപ്പില കറികളിൽ മാത്രമല്ല ഉപയോഗിക്കാവുന്നത്. ചർമ്മസംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില.
ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയും ആന്റി മൈക്രോബിയൽ ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമെറ്ററി ഗുണങ്ങൾ ഉള്ള കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും.
ചർമ്മത്തിലുണ്ടാകുന്ന വലിച്ചിൽ ഒഴിവാക്കാനും സുഷിരങ്ങൾ ഇല്ലാതാക്കാനും കറിവേപ്പില കൊണ്ട് തയ്യാറാക്കുന്ന ടോണർ ഉപയോഗിച്ച് സാധിക്കും. ഒരുപിടി കറിവേപ്പില വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കണം. തണുത്തതിനുശേഷം വെള്ളം മാത്രം അരിച്ചെടുത്ത് ടോണർ ആയി മുഖത്ത് ഉപയോഗിക്കാവുന്നതാണ്.
ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കറിവേപ്പില അരച്ചതിൽ കുറച്ച് ചെറുനാരങ്ങാനീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ചർമ്മത്തിലെ കറുത്ത പാടുകളും ഹൈപ്പർ പിഗ്മെന്റേഷനും കുറയ്ക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
കറിവേപ്പില പേസ്റ്റ് രൂപത്തിൽ ആക്കി പതിവായി ചർമ്മത്തിൽ പുരട്ടുന്നത് ചുളിവുകളെ കുറയ്ക്കുന്നതിന് സഹായിക്കും. ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസേഷൻ നൽകുന്നതിനായി കറിവേപ്പില അരച്ചതിൽ തൈരോ തേനോ ചേർത്ത് ഫേസ്പാക്കായും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക