വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സർക്കാരിന് ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാമെന്നും ആണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്.
അതേസമയം അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല എന്നും എല്ലാത്തിനും മറുപടി നൽകും എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചതിൽ അത്ഭുതം തോന്നുന്നില്ല. പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്ക് മുമ്പിൽ സത്യസന്ധതയും സുതാര്യതയും തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടന്വേഷിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ ഉൾപ്പെടെ സർക്കാർ വിജിലൻസിനെ ആയുധമാക്കിയിരുന്നു. മാത്യുവിനെതിരെയും അതേ വഴിയിലാണ് സർക്കാർ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക