പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹം കാലക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കും. പ്രമേഹം ചികിത്സയിലൂടെ ഭേദപ്പെടുത്തുക അസാധ്യമാണ്. ജീവിതരീതികള്‍ ആരോഗ്യകരമാക്കി കൊണ്ടുപോകുന്നതിലൂടെയും ഭക്ഷണത്തിലെ നിയന്ത്രണത്തിലൂടെയും പ്രമേഹവും നിയന്ത്രിക്കാമെന്നതാണ് പരിഹാരം.
ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ ഇതിനോടകം തന്നെ മാറിയിരിക്കുന്നു. ഇപ്പോഴിതാ പ്രമേഹവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പുതിയൊരു പഠനം പറയുന്നത് പ്രമേഹം നേരത്തെ തന്നെ കണ്ടെത്തപ്പെടുന്നവരില്‍ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നാണ്.
‘ദ ലാൻസെറ്റ് ഡയബെറ്റിസ് ആന്റ് എൻഡോക്രൈനോളജി’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 19 രാജ്യങ്ങളില്‍ നിന്നായി വിവരം ശേഖരിച്ചതിന് ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. മുപ്പതുകളില്‍ തന്നെ പ്രമേഹം കണ്ടെത്തപ്പെട്ടാല്‍ ഇവരില്‍ താരതമ്യേന പത്ത്- പതിനാല് വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം കുറയാം എന്ന് പഠനം വ്യക്തമാക്കുന്നു. അമ്പതാം വയസിലാണെങ്കില്‍ അത് 4-6 വര്‍ഷമായി കുറയുന്നതായി പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക