നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ കൂടെയുള്ളവരെ അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടവരെ ഒന്നു കെട്ടിപ്പിടിക്കാനായാൽ അത് വലിയ ആശ്വാസമായിരിക്കും നൽകുന്നത്. മനുഷ്യസ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമാണ് ആലിംഗനം എന്നാണ് പറയപ്പെടുന്നത്. ആലിംഗനം പൊതുവെ ഒരു സ്നേഹപ്രകടനമായാണ് കാണുന്നത്. മിക്ക ആളുകൾക്കും ഇത് ഊഷ്മളവും ആശ്വാസകരവുമാണ്. ഒരു വാക്കുപോലും ഉരിയാടാതെ ഒരാളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആലിംഗനം നിങ്ങളെ അനുവദിക്കുന്നു.
ആലിംഗനത്തിൽ ഏർപ്പെടുന്ന രണ്ട് പേർക്കും മാനസികമായ ഉണർവ്വ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ആലിംഗനം ചെയ്യുമ്പോഴുണ്ടായ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം:
പിരിമുറുക്കം ഒഴിവാക്കുന്നു: ആലിംഗനം ഒരു സ്ട്രെസ് റിലീവറാണ്. ആലിംഗനം ഓക്സിടോസിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നു. ഈ ഹോർമോൺ സാധാരണയായി മനുഷ്യരിൽ ഊഷ്മളവും സന്തോഷകരവും അവ്യക്തവുമായ വികാരങ്ങളുടെ ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓക്സിടോസിൻ ഹോർമോണിനെ സ്നേഹം അല്ലെങ്കിൽ സന്തോഷ ഹോർമോൺ എന്നും വിളിക്കുന്നു.
ആലിംഗനം കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കും. നമ്മൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ പുറത്തുവിടുന്ന സ്ട്രെസ് ഹോർമോണാണ് കോർട്ടിസോൾ. ഇതിന്റെ അളവ് കുറയുമ്പോൾ അത് നമുക്ക് ശാന്തതയും വിശ്രമവും നൽകുന്നു.
പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ആലിംഗനം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. വേദനയിൽ നിന്ന് ആശ്വാസം നൽകാനും ആലിംഗനത്തിന് കഴിയും. ഉത്കണ്ഠ കുറയ്ക്കുന്നു.
മികച്ച ബന്ധം സ്ഥാപിക്കാൻ സഹായിക്കും. മനുഷ്യർക്ക് വാക്കാലുള്ള ആശയവിനിമയം കൂടാതെ, ആലിംഗനം ഉൾപ്പെടെയുള്ള വികാരങ്ങൾ സ്പർശനത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയത്തിന് വളരെ നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആലിംഗനത്തിന് കഴിയുന്നു. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു ആലിംഗനത്തിന് കഴിയും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും വലിയ പങ്കുണ്ട്.
പ്രതിരോധശേഷി വർദ്ധിപ്പിക്കും. സമ്മർദ്ദത്തെ മറികടക്കാൻ ആലിംഗനത്തിലൂടെ സാധിക്കുമെന്ന് വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക