ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേഷനുമായി എത്തുകയാണ് വാട്സ്ആപ്പ്. വോയ്സ് കോള്‍, വീഡിയോ കോള്‍ തുടങ്ങി പണം കൈമാറല്‍ അങ്ങനെ നിരവധി സവിശേഷതകളാണ് വാട്സ്ആപ്പ് ഇതുവരെ നല്‍കിയിട്ടുള്ളത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള മെസേജിങ് പ്ലാറ്റ് ഫോമായതുകൊണ്ട് തന്നെ സുരക്ഷയുറപ്പാക്കേണ്ടതും പ്രധാനമാണ്. ഇതേ മുന്‍നിര്‍ത്തി പാസ് കീ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള പുതിയ സവിശേഷത അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 2 ഫാക്ടര്‍ ഒതന്റിക്കേഷന്‍ പകരമാണ് വാട്സ്ആപ്പ് പാസ് കീ അവതരിപ്പിക്കുന്നത്. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ്, പിന് നമ്പര്‍ എന്നിവ ഉപയോഗിച്ച് വാട്സ്ആപ്പിലേക്ക് ഉപയോക്താക്കള്‍ക്ക് പ്രവേശിക്കാനാകും. പാസ് കീ ഉപയോഗിച്ച് അപ്ലിക്കേഷനുകള്‍ സുരക്ഷിതമാക്കാനുള്ള ഗൂഗിളിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാസ്വേഡ് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ തരം ലോഗ് ഇന്‍ സംവിധാനമാണ് പാസ് കീ. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ സ്ഥിരീകരണത്തിനായി പാസ്വേഡിന് പകരം ബയോമെട്രിക് സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഫിംഗര്‍പ്രിന്റ്, ഫേസ് ആണ്‍ലോക്ക്, പിന് നമ്പര്‍ തുടങ്ങിയവ. പാസ് കീ ഒരു വ്യക്തിയുടെ ഉപകരണത്തില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മറ്റൊരു ഉപകരണത്തില്‍ ഉപയോഗിക്കണമെങ്കില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടതുണ്ട്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തശേഷം മറ്റൊരു ഉപകരണത്തില്‍നിന്ന് ഫേസ് ഐഡിയോ ടച്ച് ഐഡിയോ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക