നമ്മളിൽ പലരും പ്രമേഹം കാരണം ബുദ്ധിമുട്ടുന്നവരാണ്. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കാത്ത നിരവധി പദാർത്ഥങ്ങൾ ഉണ്ട്.
നമ്മൾ മലയാളികൾക്ക് ഒഴിവാക്കാൻ ആവാത്ത ഒന്നാണ് ചോറ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് ചോറ് കഴിക്കാമോ എന്ന സംശയം പൊതുവേ ഉണ്ടാവാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവര്‍ ചോറ് പൂര്‍ണ്ണമായും ഒഴിവാക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ചോറ് കഴിക്കുമ്പോൾ ഒരു നിയന്ത്രണം ആവശ്യമാണ്. കാരണം അമിതമായി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വരുത്താം. കാർബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. ശരീരഭാരം കൂടാനും ഇവ കാരണമാകും.
വെള്ള അരിയേക്കാൾ തവിട് ഉള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. തവിടുള്ള അരിയിൽ വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തവിട് അടങ്ങിയതിനാൽ വലിയ അളവിൽ നാരും ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക