ഇന്ത്യയില്‍ ഐഫോണുകള്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ വിതരണക്കമ്പനിയായ വിസ്ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഏറ്റെടുത്തു. രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റാ ഗ്രൂപ്പ് ഇന്ത്യയില്‍ ആഭ്യന്തര-ആഗോള വിപണികളിലേക്കുള്ള ഐഫോണുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇതോടെ ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറും.
”വിസ്ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന് ടാറ്റയെ അഭിനന്ദിക്കുന്നു. വിസ്ട്രോണിന്റെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ കമ്പനികളിലൂടെ ഇന്ത്യയില്‍നിന്ന് ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്ന ആപ്പിളിന്റെ തീരുമാനം മികച്ചതാണ്. ഗ്ലോബല്‍ ഇന്ത്യന്‍ ഇലക്ട്രോണിക്സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പൂര്‍ണ പിന്തുണ നല്കുന്നു,” രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
ഇന്ന് ചേര്‍ന്ന വിസ്ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് വിസ്ട്രോണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 100 ശതമാനം പരോക്ഷ ഓഹരി വില്‍പ്പനയ്ക്കായി ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഷെയര്‍ പര്‍ച്ചേസ് കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക