തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഒക്ടോബർ നവംബർ മാസങ്ങൾ. കൃത്യമായ സമയത്ത് കൃത്യമായ രീതിയിലാണ് ചെയ്യുന്നത് എങ്കിൽ ഏറ്റവും നല്ല വിളവ് ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ ഗുണം കിട്ടുകയും ചെയ്യും. എന്തൊക്കെയാണ് തണ്ണിമത്തൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
തണ്ണിമത്തൻ കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുന്ന സ്ഥലം ആറുമണിക്കൂർ മുതൽ 8 മണിക്കൂർ വരെ നല്ല വെയിൽ കിട്ടുന്ന സ്ഥലം ആയിരിക്കണം. നല്ല നീർവാർച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ഒരു സെന്റിൽ 7 തടങ്ങൾ വീതം തണ്ണിമത്തൻ കൃഷിക്കായി എടുക്കാവുന്നതാണ്. അതിൽ രണ്ടു വരികൾ തമ്മിൽ മൂന്ന് മീറ്ററും വരിയിലെ തടങ്ങൾ തമ്മിൽ 2 മീറ്ററും അകലം വേണം. അതായത് ഒരു വള്ളിയുടെ പുറത്തുകൂടി മറ്റൊന്ന് വളരാൻ ഇടയാകരുത്.
ഇനി എങ്ങനെ നടണമെന്ന് നോക്കാം. രണ്ടടി വ്യാസവും ഒന്നര അടി ആഴവും ഉള്ള കുഴിയെടുത്ത് മേൽമണ്ണ്തിരികെ കുഴിയിൽ ഇട്ട് പകുതി മൂടിയതിനു ശേഷം 200 ഗ്രാം കുമ്മായം ചേർത്ത് ഇളക്കി 14 ദിവസത്തിന് ശേഷം ഒരു തടത്തിൽ 15 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും 40 ഗ്രാം യൂറിയ 75 ഗ്രാം മസൂറി ഫോസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് നാലോ അഞ്ചോ വിത്തുകൾ ഒരു തടത്തിൽ പാകാവുന്നതാണ്.
ജൈവ രീതിയിലാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കോഴി വളം, എല്ലുപൊടി മുട്ടത്തോട്, ചാരം എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. സങ്കരയിനത്തിൽപ്പെട്ട വിത്തുകൾ ആണ് നടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 3:1 അനുപാതത്തിൽ ചകിരിചോറും ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിൽ മുളപ്പിച്ചതിനു ശേഷം തൈകൾ പറിച്ചു നടുകയും ഓപ്പൺ പോളിനേറ്റഡ് ആണ് എങ്കിൽ തടത്തിൽ അഞ്ചോ ആറോ വിത്തുകൾ നട്ടതിനു ശേഷം നാലോ അഞ്ചോ ഇലകൾ വന്നാൽ കരുത്തുള്ള രണ്ടോ മൂന്നോ ചെടികൾ നിർത്തി ബാക്കിയുള്ളവ പിഴുതു കളയാനും ശ്രദ്ധിക്കണം.
വള്ളികൾ പടരുന്ന സമയത്ത് ഓലകൾ തറയിൽ ഇട്ട് വള്ളി പടരാൻ അനുവദിക്കണം. ഇതിനു പകരം പ്ലാസ്റ്റിക് മൾചിങ് അല്ലെങ്കിൽ വൈക്കോൽ എന്നിവയും ഉപയോഗിക്കാവുന്നതാണ്. വള്ളി നല്ലതുപോലെ പടർന്നു വരുമ്പോഴും പൂക്കൾ നല്ലതുപോലെ ഉണ്ടായി തുടങ്ങുമ്പോഴും 25 ഗ്രാം വീതം യൂറിയ മണ്ണിൽ മേൽവിളമായി ചേർത്തു കൊടുക്കണം. തടങ്ങളിൽ കരിയിലകൾ കൊണ്ട് പുതയിടുന്നത് വളരെ നല്ലതാണ്. തണ്ണിമത്തന് മിതമായി മാത്രം നനച്ചു കൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.
രണ്ടാഴ്ച കൂടുമ്പോൾ ഇലകളിൽ സ്യൂഡോമോണസ് തളിക്കുകയും തടങ്ങളിൽ ഒഴിച്ച് കുതിർക്കുകയും ചെയ്യണം. കായ് മൂത്തുവരുന്ന സമയത്ത് നന കുറയ്ക്കാനും വിണ്ടു കീറാതെ നോക്കാനും ശ്രദ്ധിക്കണം. നട്ട് 75 മുതൽ 100 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും എന്നതാണ് തണ്ണിമത്തന്റെ പ്രത്യേകത.
ഒരു തടത്തിൽ നിന്നും 15 കിലോ വരെ കായ്കൾ ലഭ്യമാകുന്ന ഒന്നാണ് തണ്ണിമത്തൻ കൃഷി. 85 ദിവസം കൊണ്ട് കായ്കൾക്ക് മൂപ്പെത്തുന്ന ഷുഗർ ബേബി ഇനത്തിന് നീല കലർന്ന കറുപ്പ് നിറമുള്ള തോടും കടുത്ത പിങ്ക് നിറമുള്ള കാമ്പും ചെറിയ വിത്തുകളും ആണ്. തണ്ണിമത്തനിൽ ഏറ്റവും ഗുരുതരമായി കാണപ്പെടുന്ന രോഗം GCB അഥവാ Gummy Stem Blight എന്ന ഫംഗൽ രോഗമാണ്.
വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള തണ്ണിമത്തൻ ഇനമാണ് കിരൺ എന്ന കടും പച്ച നിറമുള്ള ചെറിയ കായ്കൾ ഉള്ള ഇനം തണ്ണിമത്തൻ. നല്ല മധുരവും ഷെൽഫ് ലൈഫും ഉള്ള ഇനമാണ് ബേയർ കമ്പനിയുടെ യെല്ലോ ഗോൾഡ് എന്ന മഞ്ഞ കാമ്പുള്ള ഇനം. വേനൽക്കാലത്ത് എല്ലാവരും കഴിച്ചിരിക്കേണ്ട പഴമായ തണ്ണിമത്തനിൽ വളരെയധികം ജലാംശം അടങ്ങിയതിനാൽ വേനൽക്കാലത്ത് ശരീരത്തിന് വാട്ടർ ബാലൻസ് നിലനിർത്തുന്നതിനും മൂത്ര ഉൽപാദനത്തെ കൂട്ടി വൃക്കകളെ ശുദ്ധീകരിക്കുന്നതിനും വളരെയധികം ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക