കേരളത്തിൽ തണുപ്പുകാലം ഇങ്ങെത്താറായി. തണുപ്പ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. തണുപ്പ് കാലത്തെ ആരോഗ്യത്തിന് ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തണുപ്പുകാലത്തെ ആരോഗ്യത്തിന് ഉലുവ എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.
ഉലുവ പൊതുവേ ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ തണുത്ത കാലാവസ്ഥയിൽ ഉലുവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ ചൂട് നിലനിർത്തുന്നതിനും സഹായിക്കും. അതുപോലെതന്നെ ഉലുവ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്തെടുത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെ നല്ലൊരു മാർഗമാണ്.
ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നത് അസിഡിറ്റി, പുളിച്ചു തികട്ടൽ പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഒന്നായതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ ചൂടുവെള്ളത്തിൽ കുതിർത്തതിനു ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാൽസ്യവും മഗ്നീഷ്യവും ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉലുവയിൽ കലോറി വളരെ കുറവായതിനാലും ഫൈബറിന്റെ അളവ് വളരെ ഉയർന്നതിനാലും ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായകമാണ്.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയായ ഉലുവ ചർമ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും വളരെയധികം ഉപകാരപ്രദമായ ഒന്നുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക