കൊച്ചി: നവകേരള സദസിനായി സ്കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസര്‍കോട് സ്വദേശിയായ രക്ഷിതാവാണ് കോടതിയെ സമീപിച്ചത്.
നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ സ്കൂള്‍ ബസുകള്‍ വിട്ടു നല്‍കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്കും മറ്റ് സ്കൂള്‍ അധികൃതര്‍ക്കും നല്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
സ്കൂള്‍ ബസ് മോട്ടോര്‍ വാഹന നിയമപ്രകാരം, കുട്ടികളെയും അധ്യാപകരെയും കൊണ്ടു വരാനും കൊണ്ടു വിടാനും മാത്രമേ ഉപയോഗിക്കാവൂ. പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ആളുകളെ കയറ്റുന്നതും പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വാദം അംഗീകരിച്ചാണ് സ്കൂള്‍ ബസ് നവകേരള സദസിനായി വിട്ടുകൊടുക്കരുതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക