കൊച്ചി: കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും കരൾ, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതൽ പരിക്കും.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലുംപെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സംഭവിച്ചത്. 13 പടികൾ താഴ്ച്ചായിലേക്കാണ് വിദ്യാർത്ഥികൾ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക