മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ. ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങളാണ് നവ കേരള സദസ്സിൽ പങ്കെടുത്തത്.
നവ കേരള സദസ്സിലെ ലീഗിന്റെ സാന്നിധ്യം ചർച്ചയാവുന്നതിനിടയിലാണ് ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ നവ കേരള സദസ്സിന്റെ പ്രഭാത യോഗത്തിലെത്തിയത്എന്നതും ശ്രദ്ധേയമാണ്. യോഗത്തിൽ മുസ്ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി പറഞ്ഞ അതിവേഗപാത യാഥാർത്ഥ്യമാകണമെന്നും വികസനമാണ് പ്രധാനമെന്നും കക്ഷിരാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല എന്നും ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു. കോൺഗ്രസ് നേതാവും തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ സി മൊയ്തീനും പ്രഭാത യോഗത്തിൽ പങ്കെടുത്തു.
മലപ്പുറം ജില്ലയിൽ പര്യടനം നടത്തുന്ന നവ കേരള സദസ്സ് വൈകിട്ട് 3 മണിക്ക് തവനൂരിലും 4.30ന് തിരൂർ മണ്ഡലത്തിലും എത്തും. ആറുമണിക്കാണ് താനൂർ മണ്ഡലത്തിൽ പരിപാടി നടക്കുന്നത്. കനത്ത സുരക്ഷയാണ് സദസ്സിനോട് അനുബന്ധിച്ച് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക