ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിന് പലതരത്തിലുള്ള ഫീച്ചറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഉപഭോക്താക്കൾക്ക് ഗെയിം കളിക്കാൻ സൗകര്യം ഒരുക്കുന്ന ‘പ്ലേയബിൾസ്’ എന്ന ഫീച്ചറാണ് യൂട്യൂബ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഈ ഫീച്ചർ യൂട്യൂബ് വെബ്സൈറ്റ് വഴിയും യൂട്യൂബ് മൊബൈൽ ആപ്പ് വഴിയും ഗെയിമുകൾ ആസ്വദിക്കാൻ ഉപഭോക്താക്കളെ സഹായിക്കും. ഒരു പ്രത്യേക ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഗെയിം ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചറിൽ ആംഗ്രി ബേർഡ്സ്, ഷോ ഡൗൺ തുടങ്ങിയ ഗെയിമുകളും ബ്രെയിൻ ഔട്ട്, ഡെയിലി ക്രോസ് വേർഡ്,സ്കൂട്ടർ എക്സ്ട്രീം, കാനൺ ബോൾസ് 3ഡി തുടങ്ങിയ ഗെയിമുകളും ലഭ്യമാണ്. എല്ലാവർക്കും ലഭ്യമായി തുടങ്ങിയിട്ടില്ല എങ്കിലും നിരവധി ഉപഭോക്താക്കൾക്ക് നിലവിൽ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
പുതിയ ഫീച്ചർ ലഭിക്കുന്നതിന് യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾ പ്രൊഫൈൽ പേജ് സന്ദർശിച്ചശേഷം ‘യുവർ പ്രീമിയം ബെനഫിറ്റ്സ് ‘ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. പരീക്ഷണാർത്ഥം യൂട്യൂബ് നൽകുന്ന നിരവധി പുതിയ ഫീച്ചറുകൾ അതിൽ കാണാൻ സാധിക്കും. അതിൽ നിന്നും ‘പ്ലേയബിൾസ്’ സെലക്ട് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം.
‘പ്ലേയബിൾസ്’ ഓപ്ഷൻ ലഭ്യമാകുന്നില്ല എങ്കിൽ ഇനിയും കാത്തിരിക്കണം എന്ന് അർത്ഥം. സ്റ്റേബിൾ വേർഷൻ 2024 ൽ ലഭ്യമാകും എന്നാണ് പുറത്തുവരുന്ന വിവരം എങ്കിലും ഔദ്യോഗികമായി ഉപഭോക്താക്കൾക്ക് എല്ലാവർക്കും എപ്പോൾ മുതൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങും എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഏതായാലും മാർച്ച് 28 വരെ ഈ ഫീച്ചർ പരീക്ഷണഘട്ടത്തിൽ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക