ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ഇന്ന് തിരക്കേറിയ ജീവിതശൈലിയെ തുടര്‍ന്ന് പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നു പോകുന്നത്. വിഷാദം, ഉത്കണ്ഠ തുടങ്ങിയവ മിക്കവരെയും ബാധിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ആരോഗ്യത്തെ പോലെ തന്നെ മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.
മനസ്സിന്റെ ആരോഗ്യത്തെയും നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ഗണ്യമായ തോതില്‍ സ്വാധീനിക്കാറുണ്ട്. നല്ല ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് മാത്രമല്ല മനസ്സിനും ഗുണം ചെയ്യും. ധാരാളം പോഷക ഗുണങ്ങളുള്ള ഭക്ഷണവിഭവങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തിന് ഫലപ്രദമാണ്. വാള്‍നട്ട്, ഫ്ളാക്സ് വിത്തുകള്‍ എന്നിവ പോലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുമെന്നു ഗവേഷണ പഠനങ്ങളും പറയുന്നു.
ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്നുകളില്‍ അടങ്ങിയിട്ടുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് ഊര്‍ജ്ജത്തിന്റെ നിരന്തരമായ ഉറവിടമായി പ്രവര്‍ത്തിക്കുന്നു. ഇത് മൂഡ് മാറ്റങ്ങളെ തടയാന്‍ സഹായിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ നേരിടാന്‍ വൈറ്റമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉത്തമമാണ്. തൈര്, പുളിപ്പിച്ച പച്ചക്കറികള്‍ എന്നിങ്ങനെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാരോഗ്യം ഉറപ്പാക്കും. പോഷണസമ്പുഷ്ടമായ ഭക്ഷണത്തിനൊപ്പം വ്യായാമവും യോഗയും ശീലമാക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക