മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങി നിമിഷങ്ങൾക്കകം നിരവധി ആളുകളാണ് ട്രെയിലർ കണ്ടത്. മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം ഡിസംബർ 21ന് തിയേറ്ററുകളിലെത്തും.
വർഷങ്ങളായി പ്രാക്ടീസ് ചെയ്യാത്ത ഒരു അഭിഭാഷകൻ പ്രത്യേക സാഹചര്യത്തിൽ ഒരു കേസ് ഏറ്റെടുക്കുന്നതും തുടർന്ന് നടക്കുന്ന ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജനശ്രദ്ധ നേടിയ ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ ജിത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുമ്പോൾ വീണ്ടും ഒരു ഹിറ്റ് സംഭവിക്കും എന്ന് പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.
ദൃശ്യം 2 എന്ന ചിത്രത്തിൽ വക്കീൽ വേഷത്തിൽ എത്തിയ ശാന്തി മായാദേവിയും ജിത്തു ജോസഫും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സ്പീക്കിംഗ് ജസ്റ്റിസ് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ 33 മത്തെ നിർമ്മാണ സംരംഭമായ ചിത്രത്തിൽ മോഹൻലാൽ, പ്രിയാമണി എന്നിവരെ കൂടാതെ സിദ്ദീഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധി അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക