സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന 170-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപന വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വേട്ടയന്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ടാവും. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍, ദുഷാരാ വിജയന്, റിതിക സിംഗ് എന്നിവരാണ് നായികമാര്‍. ഇവരുടെ പോസ്റ്ററുകള്‍ നേരത്തേ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിരുന്നു. അനിരുദ്ധ് ആണ് തലൈവര്‍ ചിത്രത്തിന്റെ സംഗീതസംവിധാനം. എസ്.ആര്. കതിരാണ് ഛായാഗ്രഹണം. അന്‍ബറിവ് സംഘട്ടനസംവിധാനവും ഫിലോമിന്‍രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക