ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും കോഴിക്കോട് ജില്ലയും സ്ഥാനം നേടി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് പത്താം സ്ഥാനത്ത് കോഴിക്കോട് ജില്ലയും ഉൾപ്പെട്ടത്.
എൻ സി ആർ ബി നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കി തയ്യാറാക്കിയ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നഗരം എന്ന റെക്കോർഡും കോഴിക്കോടിന് സ്വന്തമായി.
ദക്ഷിണേന്ത്യൻ നഗരങ്ങളാണ് ആദ്യ 10 സുരക്ഷിത നഗരങ്ങളിൽ ഉൾപ്പെട്ടത്. ഇന്ത്യൻ ശിക്ഷാനിയമവും മറ്റ് പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകൾ അടിസ്ഥാനമാക്കി നിർമ്മിച്ച പട്ടികയിൽ കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്ത്.
20 ലക്ഷത്തിനു മുകളിൽ ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്. ലക്ഷം പേരിൽ 78.2 കുറ്റകൃത്യങ്ങൾ മാത്രമാണ് കൊൽക്കത്തയിൽ നടക്കുന്നത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം തവണയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നത്.
ആദ്യ പത്തിൽ ഇടംപിടിച്ച കോഴിക്കോട് ഒരു ലക്ഷം ജനങ്ങൾക്ക് 397.5 കുറ്റകൃത്യങ്ങളാണ് എൻസിആർബി കണക്ക് പ്രകാരം ഉള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരും ആണ് ഉള്ളത്. സൂറത്ത്, പൂനെ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് പട്ടികയിൽ നാലു മുതൽ 9 വരെ സ്ഥാനങ്ങൾ നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക