പകൽനേരങ്ങളിൽ ചൂട് കൂടിവരുമ്പോൾ ശരീരത്തിന് വെള്ളത്തിന്റെ ആവശ്യം വർദ്ധിക്കുന്നു. ദാഹം ശമിപ്പിക്കാൻ ഉത്തമം തിളപ്പിച്ചാറ്റിയ വെള്ളം തന്നെ. അതിനു ഏറ്റവും ഉത്തമമാണ് ദാഹശമനിയാണ് കരിങ്ങാലി. ദാഹശമനി നിർമ്മാണത്തിനും പ്രകൃതിദത്ത ചായങ്ങൾ ഉണ്ടാക്കാനുമാണ് കരിങ്ങാലിയുടെ കാതൽ പ്രധാനമായും ഉപയോഗിക്കുന്നത്.
പിത്തം, കഫം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായകരമായ കരിങ്ങാലിയെ നാം വേണ്ടവിധത്തിൽ പരിഗണിക്കാറില്ല. കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് നല്ലതാണെന്നാണ് പഴമക്കാർ പറയാറുള്ളത്.
ഈ സസ്യത്തിന്റെ തണ്ട്, പൂവ്, വേര് എന്നിവയെല്ലാം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. രക്തത്തെ ശുദ്ധീകരിക്കുന്നതിനും, കഫം, ചുമ, വിരശല്യം, ചൊറിച്ചിൽ എന്നിവ തടയാനും കരിങ്ങാലി ഏറെ സഹായകരമാണ്.
പല്ലുകൾക്ക് ബലം നൽകുന്നതിനായി ആയുർവേദ മരുന്നുകളിൽ കരിങ്ങാലി വൃക്ഷത്തിന്റെ തൊലി ഉപയോഗിക്കാറുണ്ട്. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക, ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിനും കരിങ്ങാലി ഉപയോഗിക്കുന്നു.
സ്വരം നന്നാകുന്നതിനും കരിങ്ങാലി സത്ത് ഗുളികകളാക്കി വായിലിട്ടു അലിയിച്ചു കഴിക്കാറുണ്ട്. കുട്ടികളിലെ ചർമ്മപ്രശ്നങ്ങൾക്ക് കരിങ്ങാലിത്തൊലിയും കാതലും സമം എടുത്ത് വെള്ളംവച്ചു കുളിപ്പിക്കുന്നു. കുഷ്ഠരോഗത്തിനുള്ള ചികിത്സയിൽ അവശ്യഘടകമായി കരിങ്ങാലിയെ കണക്കാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക