സലാർ ചിത്രത്തെ പ്രശംസിച്ച് കന്നട സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ഇന്ത്യൻ സിനിമയിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നായി സലാർ ഇടം പിടിച്ചിരിക്കുകയാണെന്ന് റിഷഭ് പറഞ്ഞു.
‘ഇന്ത്യൻ സിനിമയിലെ മികച്ച മാസ് ചിത്രങ്ങളിലൊന്നാണ് സലാർ! ചിത്രത്തിലെ പ്രഭാസ് സാറിന്റെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ, ഒപ്പം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് സാറിനും പ്രത്യേക അഭിനന്ദനങ്ങൾ. സൗഹൃദത്തെക്കുറിച്ച് മനോഹരമായ ഒരു കഥ പറഞ്ഞ പ്രശാന്ത് നീലിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഒപ്പം ഹോംബാലെ ഫിലിംസിനും വിജയ്ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ’. എന്നായിരുന്നു റിഷഭ് ഷെട്ടി സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പ്.
ബോക്സോഫീസിൽ അതിഗംഭീര തുടക്കമാണ് സലാർ നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രത്തിന് 175 കോടി രൂപ കളക്ഷനാണ് ആദ്യദിനം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ മാസ് ലുക്കിൽ ദേവ എന്ന കഥാപാത്രവുമായി പ്രഭാസ് എത്തിയപ്പോൾ ഇമോഷണൽ രംഗങ്ങളുമായി വർദ്ധരാജ് മാന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. വൻ ക്യാൻവാസിലാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക