തൃശൂര്‍: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. ജനുവരി 17-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് അദ്ദേഹം എത്തുമെന്നാണ് വിവരം. ശ്രീകൃഷ്ണ കോളേജില്‍ ഹെലിപാഡ്, വിവാഹസ്ഥലം, റൂട്ട് എന്നിവ സംബന്ധിച്ച സുരക്ഷാ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് പോലീസ് കൈമാറി.
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ തൃശൂര്‍ ജില്ലാ പോലീസിന് ഡല്‍ഹിയില്‍ നിന്നും നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വരവ് സംബന്ധിച്ച അന്തിമതീരുമാനം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂരില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കുമെന്നാണ് അറിയുന്നത്. എറണാകുളത്തും ചില പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
സുരേഷ് ഗോപി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകള്‍ക്കും ഒപ്പമാണ് താരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങള്‍ സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക