നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. വാഴ വലിയ രീതിയിൽ കൃഷി ചെയ്ത് വരുമാനമുണ്ടാക്കുന്നവരു മുണ്ട്. വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വാഴകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.
വാഴക്കൃഷി നേരിടുന്ന രോഗങ്ങളായ പിണ്ടിചീയൽ, കുഴിപ്പുള്ളി, എന്നിവയ്ക്കുള്ള പ്രതിരോധ നടപടി എടുക്കണം.
വിത്തുമുതൽ വിളവുവരെയുള്ള പരിചരണമുറകളുണ്ട്. സാധാരണയായി മിക്ക കർഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് വാഴ കന്നുകൾ തന്നെയാണ്. മൂന്നോ നാലോ മാസം പ്രായമുള്ളതും 700-1000 ഗ്രാമുള്ളതും 35-45 സെന്റി മീറ്റർ ചുറ്റളവുള്ളതുമായ കന്നുകളാണ് നടീലിന് നല്ലത്.
കന്നുകൾ തെരഞ്ഞെടുക്കുംമുമ്പ് രോഗപ്രതിരോധശേഷി, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തണം. തെരഞ്ഞെടുത്ത കന്നുകൾ 15-20 സെന്റി മീറ്റർ നിലനിർത്തി ബാക്കിഭാഗം മുറിച്ചുമാറ്റണം.
കുഴിയെടുത്ത് 500 ഗ്രാം കുമ്മായവും 10 കിലോ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് മേൽമണ്ണിട്ട് മുക്കാൽ ഭാഗത്തിലേറെവരെ മൂടണം. കുഴിയുടെ നടുവിലായി മാണത്തിന്റെ പകുതി ഉൾക്കൊള്ളാൻ കഴിയുംവിധം കുഴിയെടുത്ത് വാഴക്കന്ന് നടാം.
പച്ചിലവളങ്ങൾ ചേർത്തുകൊടുക്കാം. വാഴ വളരുന്നതോടെ കുഴി പൂർണമായും മൂടണം. വളപ്രയോഗം കൃത്യമായ ഇടവേളകളിലാകണം. വേനൽക്കാലത്ത് ജലസേചനവും.
കുല വരുന്നതിനു മുമ്പ് കുല താങ്ങാൻ താങ്ങുകാൽ കൊടുത്തോ കയർ കെട്ടിയോ കാറ്റിൽ നിന്നും സംരക്ഷണം നൽകണം. കുല പാകമാകുമ്പോൾ വിളവെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക