കണ്ണൂർകാരുടെ യാത്രകൾ ഇനിമുതൽ സൂപ്പർ കൂൾ ആകും. ഇന്ത്യയിലെ ആദ്യ സോളാർ എസി ബസ് കണ്ണൂരിൽ സർവീസ് ആരംഭിച്ചു. ആഡംബര ബസ്സുകൾക്ക് മാത്രം അവകാശപ്പെട്ട എയർ കണ്ടീഷനിങ് സംവിധാനം ഒരുക്കി നാട്ടിൻപുറത്ത് കൂടി സർവീസ് നടത്താൻ ഒരുങ്ങിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പിൽ സർവീസ് നടത്തുന്ന സംഗീത് എന്ന ബസ്.
പൂർണ്ണമായും സോളാർ സംവിധാനത്തിലാണ് എയർ കണ്ടീഷനിങ് സംവിധാനം ബസ്സിൽ പ്രവർത്തിക്കുന്നത് എന്നാണ് പ്രധാന സവിശേഷത. പൂർണ്ണമായും സോളാർ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ കണ്ടീഷനിങ് സംവിധാനം ഉള്ള ഇന്ത്യയിലെ ആദ്യ ബസ് ആണ് സംഗീത് എന്നാണ് ബസുമായി ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.
അടുത്തിടെയാണ് ബസ് സർവീസ് ആരംഭിച്ചത്. കൂൾ വെൽ ടെക്നിക്കൽ ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് എന്ന കമ്പനിയുടെ സോളാർ ഡിവിഷനും എയർകണ്ടീഷൻ വിഭാഗവും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടീമും ചേർന്ന് ബസ്സുടമ സതീഷിന്റെ ആഗ്രഹപ്രകാരം ഒന്നര മാസത്തിലധികം നീണ്ട ട്രയൽ റണ്ണിന് ശേഷമാണ് ഇത്തരത്തിൽ ഒരു സംവിധാനത്തിന് രൂപം നൽകിയത്.
വെയിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ എസി പ്രവർത്തനസജ്ജമാക്കുന്നതിന് വേണ്ടി ലിഥിയം അയൺ ബാറ്ററിയുടെ വേരിയന്റായ ലൈഫ് പി ഒ 4 ബാറ്ററികളാണ് പവർ ബാക്കപ്പിനായി ബസ്സിൽ ഉപയോഗിച്ചിരിക്കുന്നത്. എസിയുടെ വെന്റുകൾ ബസ്സിന് മുന്നിലായും ഔട്ട്ഡോർ യൂണിറ്റ് ബസ്സിന്റെ പുറകിലുള്ള സ്റ്റോറേജ് സ്പേസിലും നൽകിയിരിക്കുന്ന സംവിധാനത്തിൽ സാധാരണയായി നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന എസി ആണ് ഉപയോഗിച്ചിരിക്കുന്നത്.
സോളാർ എയർകണ്ടീഷനിങ് സംവിധാനത്തിനായി ബ്രഷ് ലെസ് ഡയറക്ട് കറന്റ് സംവിധാനത്തിലുള്ള എസി ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ ഇൻവെർട്ടർ എ സി യെക്കാൾ പവർ സേവ് ചെയ്യാൻ കഴിയും എന്നതും പ്രത്യേകതയാണ്. വാഹനത്തിന്റെ എൻജിനുമായോ ഡീസലുമായോ ബന്ധമില്ലാതെ പൂർണ്ണമായും സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന എ സി ഇന്ത്യയിൽ ഇത് ആദ്യമായാണ് നൽകപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക