എന്നും നിങ്ങൾ ഒരേ രീതിയിൽ ആണോ ചപ്പാത്തി ഉണ്ടാക്കാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്കൊരു മസാല ചപ്പാത്തി തയ്യാറാക്കി നോക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് ഗോതമ്പ് പൊടി എടുത്ത് പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു വെക്കണം. രണ്ട് മുട്ട പുഴുങ്ങി തോട് കളഞ്ഞ് വൃത്തിയാക്കി വയ്ക്കാം. ഇനി മസാല ചപ്പാത്തി തയ്യാറാക്കാൻ ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം.
അതിനായി ഒരു പാൻ അടുപ്പത്ത് വെച്ചു കൊടുക്കണം. നല്ലതുപോലെ ചൂടായി വരുമ്പോൾ അല്പം ഓയിൽ ഒഴിച്ച് കൊടുക്കാം. ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തുകൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം.
പിന്നീട് അല്പം മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, അല്പം മല്ലിപ്പൊടി, കുറച്ച് കുരുമുളകുപൊടി എന്നിവ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം പച്ച മണം മാറുന്നതുവരെ വഴറ്റിയെടുക്കാം.
പാകത്തിന് ഉപ്പും അല്പം മല്ലിയിലയും കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്തെടുക്കണം. പുഴുങ്ങിയെടുത്ത മുട്ട നല്ലതുപോലെ ഉടച്ചെടുത്ത് ഈ മിക്സിലേക്ക് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം വാങ്ങി വെക്കാം.
ഇനി നമ്മൾ കുഴച്ച് മാറ്റി വെച്ചിരിക്കുന്ന ഗോതമ്പുപൊടി എടുത്ത് ചപ്പാത്തി പരത്തി എടുക്കണം. ഒരു ചപ്പാത്തി പരത്തിയതിനു ശേഷം അതിനു മുകളിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാലക്കൂട്ട് വെച്ചുകൊടുക്കണം. മറ്റൊരു ചപ്പാത്തി ഇതിനു മുകളിലായി വെച്ച് കൊടുത്ത വശങ്ങൾ ഒട്ടിച്ചെടുക്കണം. ഒരു പാൻ അടുപ്പത്തുവെച്ച് ചപ്പാത്തി ചുട്ടെടുക്കുന്നത് പോലെ ചുട്ടെടുക്കാം. രുചികരമായ മസാല ചപ്പാത്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക