ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വാഹന കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 21 ശതമാനം കുറഞ്ഞുവെന്ന് വ്യാവസായിക സംഘടനയായ സിയാം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തത്തിലുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 42,85,809 യൂണിറ്റായിരുന്നു, 2022 ല്‍ ഇത് 52,04,966 യൂണിറ്റായിരുന്നു.
പാസഞ്ചര്‍ വാഹന കയറ്റുമതി 2022ലെ 6,44,842 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 5 ശതമാനം ഉയര്‍ന്ന് 6,77,956 യൂണിറ്റായി. എന്നിരുന്നാലും, വാണിജ്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം ഇടിവുണ്ടായി. ഇരുചക്രവാഹന കയറ്റുമതി 2022ല്‍ 40,53,254 യൂണിറ്റില്‍ നിന്ന് 20 ശതമാനം ഇടിഞ്ഞ് 32,43,673 യൂണിറ്റായി.
വാണിജ്യ വാഹന കയറ്റുമതി കഴിഞ്ഞ വര്‍ഷം 88,305 യൂണിറ്റില്‍ നിന്ന് 68,473 യൂണിറ്റായി കുറഞ്ഞു. മുച്ചക്ര വാഹന കയറ്റുമതി 4,17,178 യൂണിറ്റില്‍ നിന്ന് 30 ശതമാനം ഇടിഞ്ഞ് 2,91,919 യൂണിറ്റായി. 2023-ല്‍ ദക്ഷിണാഫ്രിക്ക, ഗള്‍ഫ് മേഖല തുടങ്ങിയ വിപണികളിലെ വാഹന ലോഞ്ചുകളും ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് പാസഞ്ചര്‍ വാഹന കയറ്റുമതിയെ നയിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന് പറഞ്ഞു. ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ കയറ്റുമതിയില്‍ മാരുതി സുസുക്കി ഇന്ത്യ മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക