വരുമാന പിന്തുണ ഉറപ്പാക്കുന്നതിനായി ചെറുകിട, ഇടത്തരം കർഷകർക്ക് നൽകിവരുന്ന പി എം കിസാൻ സമ്മാൻ നിധി( പി എം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യ തുക വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നീക്കം. പ്രതിവർഷം 6000 രൂപ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഇനിമുതൽ പ്രതിവർഷം 8000 രൂപയോ 9000 രൂപയോ നൽകുമെന്നാണ് സൂചനകൾ.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഉടൻതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും എന്നതിനാൽ ഇടക്കാല ബജറ്റ് ആയിരിക്കും കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുക.
കഴിഞ്ഞ ബജറ്റിൽ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് കൊണ്ടുവന്ന 3 ബില്ലുകൾ കേന്ദ്രത്തിന് തന്നെ തിരിച്ചടിയായ സാഹചര്യത്തിൽ കർഷകരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ട് കൂടിയാകും പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം കേന്ദ്രം വർദ്ധിപ്പിക്കുന്നത്.
രാജ്യത്തെ 15 കോടി കർഷകരിൽ നടപ്പു വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കനുസരിച്ച് 8.56 കോടിയോളം ചെറുകിട, ഇടത്തരം കർഷകരാണ് പദ്ധതിയിലൂടെ ആനുകൂല്യം നേടുന്നത്. 2000 രൂപ മൂന്നുതവണയായി ആകെ 6000 രൂപ പ്രതിവർഷം നൽകുന്ന പദ്ധതിയാണ് പ്രതിവർഷം 8000 മുതൽ 9000 രൂപയായി ഉയർത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക