ചില ചമ്മന്തികൾ ഉണ്ടെങ്കിൽ മറ്റ് കറികൾ ഒന്നുമില്ലാതെയും വയറു നിറയെ ചോറുണ്ണാൻ സാധിക്കും. അത്തരത്തിൽ ഒരു ചമ്മന്തിയാണ് പറയുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചമ്മന്തി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്തുവച്ച് ചൂടാക്കിയതിനുശേഷം അല്പം എണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ചേർത്തു കൊടുത്ത് നല്ലതുപോലെ വറുത്തെടുക്കണം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. പിന്നീട് എരുവിന് ആവശ്യമായ വറ്റൽമുളക് കൂടി ഇതേ പാനിലിട്ട് വറുത്തെടുക്കാം.
പിന്നീട് അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ചതിനു ശേഷം ഒരു സവാളയുടെ പകുതി ഇതിലേക്ക് ചേർത്തു കൊടുക്കാം. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഇതിലേക്ക് ഒരല്പം പുളി കൂടി ചേർത്തു കൊടുക്കാം. ശേഷം ഒരു തക്കാളി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ വഴന്നുവന്നതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കണം. തേങ്ങ വറുത്തെടുത്തതും മുളക് വറുത്തെടുത്തതും കൂടി ചേർത്ത് കൊടുക്കാം. പാകത്തിന് ഉപ്പും ഒരല്പം മാത്രം വെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കാം.
മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ കടുക് കറിവേപ്പില വറ്റൽ മുളക് ഒരല്പം ഉഴുന്നുപരിപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കണം. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. രുചികരമായ ചമ്മന്തി റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക