പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായാണ് ടോവിനോ തോമസ് എത്തുന്നത്.
പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്. ടോവിനോ തോമസിന്റെ പിതാവ് അഡ്വക്കേറ്റ് ഇല്ലിക്കൽ തോമസ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.
ഒരു കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ‘കൽക്കി’, ‘എസ്ര’ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസ് പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രീദേവി കൊലപാതക കേസിന് പിന്നാലെ എസ് ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹറ, സിദ്ധാർത് ആനന്ദ് കുമാർ എന്നിവർ ചേർന്ന് തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ എഴുപതോളം താരങ്ങൾ അണിനിരക്കുന്നുണ്ട്.
ടോവിനോയെ കൂടാതെ സിദ്ദീഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർവഹിച്ചിരിക്കുന്നത് സൈജു ശ്രീധർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക