വഡോദര: ആദ്യമായി ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്. എട്ടാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ സഫ ബൈഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
എട്ടുവര്‍ഷത്തിനിടെ ആദ്യമായാണ് താരം ഭാര്യയുടെ മുഖം മറയ്ക്കാതെയുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നത്. സഫയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം കൂടെച്ചേര്‍ത്തത്.
‘ഒരാത്മാവുകൊണ്ട് നിര്‍വഹിച്ച നിരവധി റോളുകള്‍, മാനസിക ഉത്തേജനം പകര്‍ന്നവള്‍, തമാശക്കാരി, പ്രശ്നക്കാരി, എന്റെ മക്കളുടെ സ്ഥിരം കൂട്ടുകാരി, സുഹൃത്ത്, അമ്മ. മനോഹരമായ ഈ യാത്രയില്‍, നിന്നെ എന്റെ ഭാര്യയായി ഞാന്‍ വിലമതിക്കുന്നു. എട്ടാം വിവാഹ വാർഷിക ആശംസകള്‍ പ്രിയേ’ , സഫയ്ക്ക് ആശംസ നേര്‍ന്ന് ഇര്ഫാന് ഈ വാക്കുകള്‍ എക്സില്‍ കുറിച്ചു.
പത്താനൊപ്പമുള്ള സഫയുടെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നെങ്കിലും അവയിലൊന്നും മുഖം മുഴുവനായി കാണാനാവുമായിരുന്നില്ല.
പാതി മറച്ചതോ മാസ്ക് ധരിച്ചതോ മുഖം തിരിച്ചതോ ഇര്‍ഫാനു പിന്നില്‍ നില്ക്കുന്നതോ ആയിട്ടുള്ള ചിത്രങ്ങളായിരുന്നു പുറത്തുവിട്ടിരുന്നത്. ഇക്കാര്യത്തില്‍ ഇര്‍ഫാനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
സൗദി അറേബ്യയില്‍ ജനിച്ചുവളര്‍ന്ന, മുന്‍ മോഡലായ, സഫ ബെയ്ഗുമായി 2016 ഫെബ്രുവരി നാലിനായിരുന്നു ഇര്ഫാന് പത്താന്റെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക