വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്.
ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറയെന്ന പേരു വന്നതിന് കാരണമായി ഐതിഹ്യങ്ങൾ പലതുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ പാഞ്ചാലിക്ക് കുളിക്കാൻ വേണ്ടി നിർമിച്ചതാണത്രേ ഇവിടെയുള്ള കുളം.
കുളത്തിനുചുറ്റും, ഇലകളില്ലാതെ പൂക്കൾ മാത്രമുള്ള മരങ്ങളും സൃഷ്ടിച്ചു. അങ്ങനെ ചിറയിൽ പൂക്കൾ മാത്രം നിറഞ്ഞു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഇലവീഴാപ്പൂഞ്ചിറയെന്നു പേരുവന്നതെന്ന് ഒരു ഐതിഹ്യം.
അതല്ല, പാഞ്ചാലി കുളിക്കുമ്പോൾ ദേവന്മാർ മരങ്ങൾക്കിടയിൽനിന്ന് ഒളിഞ്ഞുനോക്കിയെന്നും അതോടെ ഭീമൻ മരങ്ങൾ ഇല്ലാതാക്കിയെന്നും മറ്റൊരു ഐതിഹ്യമായി പറയുന്നു.
മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്നു. 3200 അടി വരെ ഉയരമുള്ള ഗംഭീരമായ മലനിരകളാല്‍ ചുറ്റപ്പെട്ട് കൗതുകം പകരുന്ന പ്രകൃതിഭംഗിയുള്ള ഈ പ്രദേശം മനസ്സിന് പ്രശാന്തത നല്കുന്ന ഉത്തമ ഇടമാണ്.
വർഷകാലത്ത് ഈ താഴ്വരയാകെ മനോഹരമായ ഒരു തടാകമായി രൂപാന്തരപ്പെടുകയും പ്രകൃതി ഭംഗിയുടെ മറ്റൊരു ദൃശ്യാവിഷ്ക്കാരമാകുകയും ചെയ്യുന്നു. ഉദയാസ്തമനങ്ങള് ദർശ്ശിക്കുവാൻ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം.
ഇവിടെ നിന്നും ജീപ്പുകളുണ്ട്. ഏകദേശം അറുന്നൂറ് രൂപ വരും ചാര്‍ജ്. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ.
കേരളത്തിൽ ആദ്യം ഇടിമിന്നൽ പതിക്കുന്ന ഇടങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം. മലമുകളിലെ കാഴ്ചകളുടെ മനോഹാരിതയില്‍ മയങ്ങി നിൽക്കുമ്പോൾ പലപ്പോഴും അപ്രതീക്ഷിതമായാകും മിന്നലിന്റെ വരവ്. ഇതുമൂലമുള്ള അപകടം ഒഴിവാക്കാന്‍ ഇവിടെ നിയന്ത്രണമുണ്ട്.
ഇലവീഴാപൂഞ്ചിറയില്‍ നിന്നും നോക്കിയാല്‍ അൽപം ദൂരെയായി ഇല്ലിക്കൽ കല്ല് കാണാം. ഇവിടേക്ക് നടന്നു പോകാൻ ഒരൊറ്റയടി പാതയുണ്ട്. നരകപ്പാലമെന്നാണ് ഇതിന്റെ പേര്.
‘ഇലവീഴാപ്പൂഞ്ചിറ’ സിനിമ കണ്ടവർക്ക് മറ്റൊരു കൗതുകംകൂടി ഇവിടെയുണ്ട്. സിനിമയുടെ പശ്ചാത്തലമായ, ഇരുമ്പുതകിടുകൊണ്ടുള്ള ട്രെയിൻ ബോഗിയെന്നുതോന്നിക്കുന്ന വയർലെസ് സ്റ്റേഷൻ. ഇത് അടഞ്ഞുകിടക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് ഫിഷറീസിന്റെ സിഗ്നൽ സ്റ്റേഷനായിരുന്നു ഇത്. കുറച്ചുകാലം മാത്രമേ ഇത് പ്രവർത്തിച്ചുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക