ഔഷധഗുണങ്ങളുള്ള സസ്യമാണ് പനിക്കൂർക്ക. നവര, കഞ്ഞിക്കൂർക്ക, കർപ്പൂരവള്ളി എന്നിങ്ങനെ വിവിധ പ്രാദേശികനാമങ്ങളുണ്ട്. ഇവ വീട്ടിൽ അലങ്കാര ചെടിയായും വളർത്താം. ഇലയുടെ അറ്റത്തു വെള്ള കളറുള്ള നവര ഇല കാണാൻ പ്രത്യേക ഭംഗിയാണ്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയാണ് പനിക്കൂര്‍ക്ക.
നവജാതശിശുക്കളിൽ നീരിളക്കം തടയുന്നതിന് പനിക്കൂർക്കയില വാട്ടി നെറുകയിൽവെക്കുന്നത് ഫലപ്രദമാണ്. മാത്രമല്ല, നീറിപ്പുകയുന്ന ലേപനങ്ങളൊന്നും പുരട്ടിക്കൊടുക്കാനാവാത്ത പ്രായത്തിൽ, കുഞ്ഞ് കിടക്കുന്നതിനടുത്ത് രണ്ട്-മൂന്ന് ഇലകൾ ചതച്ചുവെച്ചുകൊടുത്താൽ മൂക്കിലെ കഫംനീങ്ങി നന്നായി ശ്വാസമെടുക്കുന്നതിന് സഹായകമാണ്.
ഇലകൾ വാട്ടിയശേഷം പിഴിഞ്ഞെടുത്ത നീരിൽ ചെറുതേൻ ചേർത്ത് സേവിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും കഫശല്യവും ചുമയും അകറ്റുന്നു. പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവിപിടിക്കുന്നതും ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി എന്നിവയെ അകറ്റുന്നു.
ഒട്ടും കെയറിങ് ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്.
പനി, കഫക്കെട്ട്, ചുമ, നീർകെട്ട്, വയറ് വേദന തുടങ്ങി മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി കൂടിയാണ് പനിക്കൂർക്ക.
സാധാരണ രീതിയിൽ കീട ബാധ ഏൽക്കില്ല ഈ ചെടിക്ക്. ഒരുപാട് കാലം നിൽക്കും. മുകളിലെ തണ്ട് ഒടിച്ചു വിട്ടാൽ ഒരുപാട് ശിഖിരങ്ങൾ ഉണ്ടാകും. ചെടിച്ചട്ടിയിൽ ഗാർഡൻ സോയിലോ കംപോസ്റ്റോ മിക്സ് ചെയ്ത് നടാം.
വെള്ളം കെട്ടി കിടക്കരുത്, ചെടി ചീത്തയാകും. ഒരുപാട് വെയിൽ വേണമെന്നില്ല. എത് കാലാവസ്ഥയിലും നന്നായി വളരും. ഇതിന്റെ ഇല കൊണ്ട് ചട്ണിയും ബജിയും ഉണ്ടാക്കാം. ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത് ഈ ഇലയാണ്.
തലയിൽ തേക്കാനായി എണ്ണകാച്ചുമ്പോൾ പനിക്കൂർക്കയുടെ ഇലകൾ അരച്ചുചേർത്താൽ നീർവീഴ്ചയും ജലദോഷവും ഇല്ലാതാകും. 100 മില്ലി വെളിച്ചെണ്ണയിൽ 10-15 ഇലകൾ അരച്ചെടുത്തത് ചേർക്കുക.
ചൂടായിത്തുടങ്ങുമ്പോൾ ഇലയിലെ ജലാംശം പൊട്ടിത്തെറിക്കുന്നതായിക്കാണാം. തുടർന്ന് രണ്ട്-മൂന്ന് മിനിറ്റ് ചൂടാക്കി ഇലകൾക്ക് തവിട്ടുനിറമാകുമ്പോൾ തീയണയ്ക്കാം. എണ്ണ തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.
ഇതിന്റെ ഇലകളുടെ ഗന്ധം മുറികളിലെ പല്ലിയുടെയും പാറ്റയുൾപ്പെടെയുള്ള പ്രാണികളുടെയും ശല്യമകറ്റാൻ സഹായകമാണ്. തലമുടി വളരുന്നതിനായി മൈലാഞ്ചി, നെല്ലിക്ക തുടങ്ങിയവ അടങ്ങിയ വിവിധ ഹെയർ പായ്ക്കുകളും നരയകറ്റുന്നതിനുള്ള ഡൈയും മറ്റും തലയിൽ പുരട്ടിയിരിക്കുമ്പോഴുള്ള നീരിറക്കം ഒഴിവാക്കുന്നതിന് പ്രസ്തുതമിശ്രിതങ്ങളിൽ പനിക്കൂർക്കകൂടി അരച്ചുചേർക്കുന്നത് ഏറെ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക