ഐപിഎൽ ക്രിക്കറ്റ് പൂരത്തിന് മാർച്ച് 22ന് കൊടിയേറും. ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിലേക്കുള്ള ആദ്യഘട്ട മത്സര പട്ടിക പുറത്തിറക്കി. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
ഇപ്പോൾ പുറത്തുവിട്ട പട്ടികയിൽ ഏപ്രിൽ ഏഴു വരെയുള്ള മത്സരങ്ങളുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിനുശേഷം ബാക്കി പട്ടിക കൂടി ബി സി സി ഐ പുറത്തുവിടും. ഫൈനൽ മത്സരം മെയ് 26 ന് ആകാനാണ് സാധ്യത.
ഉദ്ഘാടന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ചെന്നൈയാണ്. ഉദ്ഘാടന മത്സരം മാർച്ച് 22ന് രാത്രി 8 മണിക്ക് നടക്കും. പിന്നീടുള്ള ദിവസങ്ങളിൽ ശേഷിക്കുന്ന മത്സരങ്ങൾ രാത്രി 7.30നും പകൽ നടക്കുന്ന മത്സരങ്ങൾ 3.30നും നടക്കും. ഐപിഎൽ തുടങ്ങുന്നതിന് മുന്നോടിയായുള്ള താരലേലം ചൊവ്വാഴ്ചയാണ് നടക്കുന്നത്.
ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് കാരണം 2009 ഐപിഎൽ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് നടത്തിയത്. ഇതേ കാരണത്താൽ 2014 ഐപിഎല്ലിന്റെ ഒരു ഭാഗം യുഎഇയിൽ വച്ചും നടത്തിയിരുന്നു. മാർച്ച് 22ന് ഐപിഎൽ തുടങ്ങും എന്ന വാർത്തകൾ പുറത്തുവന്നതോടെ ചില കളിക്കാർ ആ സമയത്ത് കളിക്കാൻ പറ്റില്ലെന്നതിനാൽ ലേലത്തിൽ നിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക