പലരും ഇടയ്ക്കിടെ ചെവി വൃത്തിയാക്കുന്നവരാണ്. എന്നാൽ, ഇത് ചെവി വൃത്തിയാക്കുകയല്ല, ചെവി കേടുവരുന്നതിന് ആണ് കാരണമാകുന്നതെന്ന് അറിയാതെയാണ് പലരും ചെയ്യുന്നത്. ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നതോ സ്വയം വെള്ളം ഉപയോഗിച്ച് ചെവി കഴുകുന്നതോ പോലുള്ള സുരക്ഷിതമല്ലാത്ത രീതികൾ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും.
ചെവിയെന്നാൽ കേൾവി ശക്തിക്ക് മാത്രമല്ല. മനുഷ്യശരീരത്തിലെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനും ചെവി ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. അപ്പോൾ ചെവിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമല്ലേ? ചെവിക്കകത്ത് അസഹനീയമായ ചൊറിച്ചിൽ വരാൻ പ്രത്യേക സമയമൊന്നും വേണ്ട.
ബഡ്സ്, കോഴിത്തൂവൽ, തീപ്പട്ടിക്കൊള്ളി, പിൻ, താക്കോൽ തുടങ്ങിയവ പലരും ഉപയോഗിക്കുന്നത് നിരന്തരം കാണാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക് പോവില്ല എന്ന് മാത്രമല്ല ചെവിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അങ്ങനെ ഉപയോഗിക്കുന്നവരെ കേൾവിക്കുറവ്, ചെവിയിൽ അണുബാധ തുടങ്ങിയവയൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഇയർ കനാലിന് സ്വാഭാവിക സ്വയം ശുദ്ധീകരണ സംവിധാനം ഉണ്ട്. ഇയർ വാക്സ് ചെവിയെ സ്വാഭാവികമായി വൃത്തിയാക്കുന്നു. എന്നിരുന്നാലും, ഇയർ കനാൽ ആരംഭിക്കുന്നതിന് സമീപം അഴുക്ക് അടിഞ്ഞുകൂടുകയാണെങ്കിൽ, മൃദുവായ തുണി ഉപയോഗിച്ച് പതിയെ വൃത്തിയാക്കാം.
ദിവസേന ചെവി വൃത്തിയാക്കുന്നത്, പ്രത്യേകിച്ച് അമിതമായി ചെവി കഴുകുന്നത്, ഇയർ കനാലിന്റെ സ്വയം സംരക്ഷണ സംവിധാനങ്ങളെ തടസ്സപ്പെടുത്തും. ഈ തടസ്സം, ഇയർ കനാലിന്റെ പിഎച്ച് ലെവലിലെ മാറ്റങ്ങളും ഗ്രന്ഥികളിൽ നിന്നുള്ള ലൂബ്രിക്കേഷൻ കുറയുന്നതും ഉൾപ്പെടെയുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇത് അണുബാധയ്ക്ക് ഇടയാക്കുന്നു.
ചെവിയിലേക്ക് വെള്ളം കയറുന്നതിന്റെ ഫലമായുണ്ടാകുന്ന ഈർപ്പം ഫംഗസ് അണുബാധയ്ക്ക് കാരണമാകും. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ മൂലം ബാക്ടീരിയൽ അണുബാധ ഉണ്ടാകും.
1. തല കഴുകുമ്പോൾ ഇയർ കനാലിന് പുറത്ത് വാസ്ലിൻ പുരട്ടിയ കോട്ടൺ ഉപയോഗിക്കുക. ഇയർ കനാലിലേക്ക് വെള്ളം കയറുന്നത് തടയാൻ ഇത് ഒരു സംരക്ഷണ പാളിയായി പ്രവർത്തിക്കുന്നു.
2. വരൾച്ചയോ അലർജിയോ മൂലം ചെവിക്കുണ്ടാകുന്ന ചൊറിച്ചിൽ പരിഹരിക്കുക. ഓവർ-ദി-കൗണ്ടർ മരുന്നുകൾ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിന് പകരം, ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും ആരോഗ്യവിദഗ്ധനെ സന്ദർശിക്കുക.
3. ജലദോഷത്തിന് ശേഷം ചെവി ബ്ലോക്ക് ആകുന്നത് പരിഹരിക്കാൻ വൈദ്യസഹായം തേടുക. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കേണ്ടത് പ്രധാനമാണ്.
4. ഇയർ കനാലിന് പുറത്തുള്ള അഴുക്കുകൾ മൃദുവായ തുണി ഉപയോഗിച്ച് വൃത്തിയാക്കുക. ദൃശ്യമായ അഴുക്കുകൾ ചെവിക്ക് പരിക്കേൽക്കാത്ത രീതിയിൽ മൃദുവായി തുടച്ച് മാറ്റുക.
5. ദിവസവും ചെവി വൃത്തിയാക്കരുത്. ചെവി വൃത്തിയാക്കുന്നതിന് പിന്നുകൾ, വിരലുകൾ, തൂവലുകൾ, ചെവി വൃത്തിയാക്കുന്നതിനുള്ള മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അമിതമായി വൃത്തിയാക്കുന്നത് ചെവിയിൽ പരിക്കുകൾ ഉണ്ടാകുന്നതിന് കാരണമാകും.
6. ചെവി വേദനയോ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ, ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കാതെ ഓവർ-ദി-കൗണ്ടർ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തരുത്. പ്രത്യേകിച്ച് വേദന, തടസ്സം, ചൊറിച്ചിൽ, ഡിസ്ചാർജ് അല്ലെങ്കിൽ ചെവിയിൽ നിന്ന് രക്തസ്രാവം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സ നടത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
7. ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വൈദ്യസഹായം തേടാൻ കാലതാമസം വരുത്തരുത്. ഇക്കാര്യത്തിൽ പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പാലിക്കുകയും ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങളുണ്ടെങ്കിൽ സങ്കീർണതകൾ കുറയ്ക്കുന്നതിന് ഉടനടി വൈദ്യസഹായം തേടുകയും വേണം.
8. ചെവി വേദനയോ ഡിസ്ചാർജോ ഉള്ളവർ നീന്തൽ അല്ലെങ്കിൽ മറ്റ് ജലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വ്യക്തികൾക്ക് ചെവിയുടെ ആരോഗ്യം മികച്ചതായി നിലനിർത്താനും സങ്കീർണതകൾ തടയാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക