നടി ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് എന്നും തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നും ബിജെപി സ്ഥാനാർത്ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര നേതൃത്വവും താനും ഇതുമായി ബന്ധപ്പെട്ട് ശോഭനയോട് സംസാരിച്ചിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും പേരുകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തൃശ്ശൂർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വനിത സംഗമത്തിൽ എത്തിയതോടെ ശോഭന ബിജെപിയിലേക്ക് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. മോദിയുടെ നേതൃത്വത്തിൽ വനിതാ സംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി എന്നും ഇതിനു മുൻപ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും ശോഭന ജനുവരി മൂന്നിന് തൃശൂരിൽ നടന്ന വനിതാ സംഗമത്തിൽ പ്രസംഗിച്ചിരുന്നു.
‘ഹ്യൂജ് ഫാൻ മൊമെന്റ്’ എന്ന തലക്കെട്ടോടെ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ ശോഭന പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക