ഓസ്ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിന്റെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു. ത്രില്ലർ ജോണറിലാണ് സീരീസ് ഒരുങ്ങുന്നത്. കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കിയാണ് കഥയെന്നുമാണ് റിപ്പോർട്ടുകൾ. ചിത്രീകരണം പാലായിലും പരിസര പ്രദേശങ്ങളിലുമായി നടക്കും.
മിഥുൻ മാനുവലും ജോൺ മന്ത്രിക്കലും ചേർന്നാണ് അണലിയുടെ രചന നിർവ്വഹിക്കുന്നത്. മിഥുൻ മാനുവൽ ചിത്രങ്ങളായ ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു ജോൺ മാന്ത്രിക്കൽ. നിഖില വിമൽ, ലിഷോണ ലിഷോയ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാനു താഹിർ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സീരിസ് സ്ട്രീമിംഗ് ചെയ്യും.
അബ്രഹാം ഓസ്ലറിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് അണലി. ജയറാം നായകനായും മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തിയ ഓസ്ലർ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം മാർച്ച് 20ന് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ബോക്സ്ഓഫീസിൽ ഏകദേശം 50 കോടിയോളം നേടിയ ഓസ്ലർ 2024ലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമാണ്.
അടുത്തിടെയാണ് ഹോട്ട്സ്റ്റാർ മലയാളത്തിൽ അവതരിപ്പിച്ച് ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസ്: ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന പരമ്പരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കേരള ക്രൈം ഫയൽസ് സീസൺ 2 പേരിൽ അഹമ്മദ് കബീർ ഒരുക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണവും ആരംഭിച്ചു. അഹമ്മദ് കബീർ ഒരുക്കിയ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് മലയാളത്തിൽ നിരവധി വെബ് സീരീസുകൾ ഹോട്ട്സ്റ്റാർ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക