നടൻ സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു. ആദ്യ ചിത്രം ‘ഭരതനാട്യം’ത്തിന്റെ ചിത്രീകരണം ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ, സൈജു കുറുപ്പ് എൻ്റർടൈൻമെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണദാസ് മുരളിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് സൈജു കുറുപ്പിന്റെ മാതാവ് ശോഭന കെ.എം സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി. ജിബു ജേക്കബ്, സിൻ്റോ സണ്ണി, മനു രാധാകൃഷ്ണൻ (ഗു എന്ന ചിത്രത്തിന്റെ സംവിധായകൻ), ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു.
ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണന്ന് സൈജു കുറുപ്പ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ഫാമിലി ഡ്രാമയാണ് ഈ ചിത്രം.
കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമായ ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ് (പാൽ തൂജാൻവർ ഫെയിം) എന്നിവരും പ്രധാന വേഷമണിയുന്നു. മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ബബിലു അജു. എഡിറ്റിംഗ് – ഷഫീഖ്- വി.ബി. മേക്കപ്പ് – മനോജ് കിരൺ രാജ്. കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ. കലാസംവിധാനം – ബാബു പിള്ള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ -ജിതേഷ് അഞ്ചുമന. മാള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്. ഫോട്ടോ – ജസ്റ്റിൻ ജയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക