തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംവർഷ ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും.
77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകർ ആണ് ഈ മൂല്യനിർണയത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തനം.
ആകെ 2017 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഇതിൽ 1994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും 8 പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും 8 പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും 6 പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്. ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.
അതേസമയം, ഈ മാസം നാലിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്നലെ പൂര്‍ത്തിയായി. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലായി നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിര്‍ണയം ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക