സംസ്ഥാനത്ത് പ്രതിദിനം വൈദ്യുതി ഉപഭോഗം കുതിച്ചുയരുമ്പോള്‍ ആശങ്കയിലാണ് കെഎസ്ഇബി. വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. അതിനാൽ തന്നെ പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്ന് ഉപയോക്താക്കളോട് അഭ്യർത്ഥിക്കുകയാണ് കെഎസ്ഇബി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വാഷിങ് മെഷീന്, എസി എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെഎസ്ഇബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ ടെലിവിഷന്‍ ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാമെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ‘ടെലിവിഷന്‍ റിമോട്ട് കണ്ട്രോളറില് ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നവരാണ് നമ്മളിലധികവും. റിമോട്ടില്‍ ഓഫ് ചെയ്താലും ടി വി ചെറിയതോതില്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. വൈദ്യുതി പാഴാവുകയും ചെയ്യും. ഇതൊഴിവാക്കുന്നതിനായി പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം’ എന്ന് കെഎസ്ഇബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഞായറാഴ്ചത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡും ഭേദിച്ചു. പൊതുവെ അവധി ദിനങ്ങളില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുകയാണ് പതിവ്. ശരാശരി 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് വരെ കുറവുണ്ടാകും.
എന്നാല്‍ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 95.0825 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 82.1069 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 11.1991 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക