റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടി മലയാള ചിത്രം ആട് ജീവിതം. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ട് കൂടി കേരളത്തിൽ നിന്നും ആദ്യദിനം നേടിയത് 4.8 കോടി രൂപയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 15 കോടി പിന്നിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏഴു കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ചിത്രം ആദ്യദിനം കളക്ഷനായി നേടിയത്. തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടുന്ന ചിത്രം കർണാടകയിൽ നിന്ന് ആദ്യദിനം ആദ്യമായി ഒരു കോടി രൂപ ഗ്രോസ് കലക്ഷൻ നേടുന്ന ചിത്രവുമായി മാറി. ഗംഭീര പ്രതികരണമാണ് തിയറ്ററുകളിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിൽ ഒന്നാണ് ചിത്രം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. സംവിധായകൻ ബ്ലെസ്സിയുടെ സംവിധാന മികവും പൃഥ്വിരാജിന്റെ ചോരനീരാക്കിയുള്ള പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്. ഓസ്കാർ അവാർഡ് ജേതാക്കളായ എആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ മികവുമെല്ലാം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്.
ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു കഥാപാത്രമാണ് ഹക്കീം ആയി ചിത്രത്തിൽ വേഷമിട്ട ഗോകുലിന്റേത്. നജീബ് എന്ന യഥാർത്ഥ മനുഷ്യന്റെ മരുഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം സ്ക്രീനിൽ എത്തിയത്.
2018 ൽ ചിത്രീകരണം ആരംഭിച്ച ചിത്രം കഴിഞ്ഞവർഷം ജൂലൈ 14നാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ആടുജീവിതത്തിന്റെ മുഖ്യപങ്കും ചിത്രീകരിച്ചിരിക്കുന്നത് ജോർദാനിലാണ്. ഏറ്റവും വലിയ ബജറ്റിൽ മലയാളത്തിൽ ഒരുക്കിയ ചിത്രം കൂടിയാണ് ആടുജീവിതം.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമല പോളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക