നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി എൽഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് പരാതി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നു എന്നാണ് എൽഡിഎഫ് നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയിൽ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശ്ശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നൽകുന്ന അഭ്യർത്ഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. തൃശ്ശൂർ ജില്ലയിലെ മുഖ്യ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടർ ആണ് ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം എൽഡിഎഫ് നൽകിയ പരാതിയിൽ സ്ഥാനാർത്ഥിയുടെ വിശദീകരണം തേടിയിരിക്കുന്നത്.
നേരത്തെ സുരേഷ് ഗോപി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു എന്ന് കാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക